Featured post

ലൈഫ്ബോയ് എവിടയാനാവിടേയാണാരോഗ്യം 😍 ,” ചേട്ടൻ പാടോ”

“ നന്നായി പാടും ,”

ജോജോ , താങ്കളെ ഞാൻ “ജോസഫ് “ എന്ന് വിളിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു . കാരണം ഞാൻ താങ്കൾക്കൊപ്പം ചിലവഴിച്ച സമയമത്രയും ജോസഫ് നെ മാത്രമേ എനിയ്ക്കു കാണാൻ കഴിഞ്ഞുള്ളു .

ഞാൻ ഒരിയ്ക്കലും ഒരു നല്ല നിരൂപകനല്ല . സിനിമയും ആയി യാതൊരു വിത ബന്ധവുമില്ല . സിനിമ കാണും , നല്ലതാണെങ്കിൽ ആസ്വദിയ്ക്കും . നല്ലതല്ല എങ്കിൽ സ്വയം പഴിയ്ക്കും , തലവച്ചതിനു .

.”വ്യത്യാസമുള്ള കഥാതന്തു “ എന്ന് സുഹൃത്ത് പറഞ്ഞതിൻപ്രകാരം “ജോസഫ് “ കാണാൻ കുടുംബസമേതം പോയി.

ശ്രീമതി ഓൺലൈൻ റിവ്യൂ ഒക്കെ വായിച്ചിട്ടു ഇതേ അഭിപ്രായം പറഞ്ഞു . എന്നാൽ ശെരി പോയേക്കാം .അങ്ങനെ നാലുമണിയ്ക്കുള്ള ഷോയ്ക്കു കയറി . നേരെ പിടിച്ചു ഇരുത്തിയാൽ 2 വരിയിൽ കൂടുതൽ ഇരിയ്ക്കാനുള്ള ആൾക്കാർ ഉണ്ടാകില്ല . ചിലപ്പോ ആ സമയം , വർക്കിംഗ് ഡെയ് ഒക്കെ ആയിട്ടാകാം .

സിനിമ തുടങ്ങി അവസാനിയ്ക്കുന്നതുവരെ ജോസഫ് തകർത്തു .സപ്പോർട്ടിങ് ആക്ടർസ് , അതിലേറെ .കഥയും ,ജോസഫ് പാട്ടിലും പുറകിലായിരുന്നില്ല .ഭയങ്കര മേക്ക്ഓവർ . ജോസഫ് എന്ന കഥാപാത്രത്തിന് എന്ത് വേണം എന്നത് ചിത്രത്തിലുടനീളം ഉണ്ട് .

നായകന്റെ അതിസാമർഥ്യങ്ങളൊന്നും ഇല്ലാതെ ,വളരെ സിമ്പിൾ ആയി , ആകാംഷയുടെ മുൾമുനയിൽ നിർത്തി , ജോസഫ് നെ നമ്മുടെ ഇടയിലേക്ക് വിട്ടു തന്ന് സിനിമ അവസാനിപ്പിച്ചു . ഒരായിരം ചോദ്യങ്ങൾക്കു മറുപടി നമ്മൾ കണ്ടെത്തണം ,ചില വലിയ ഓർമപ്പെടുത്തലുകളിലൂടെ രണ്ടായിരത്തിപതിനെട്ടു കണ്ട മറ്റൊരു നല്ല സിനിമയിലൂടെ , വലിയ അവകാശവാദങ്ങളില്ലാത്ത പുതിയൊരു നല്ല നായകനിലൂടെ .

കാണാത്തവർ തീർച്ചയായും കാണണം ,നല്ലൊരു പ്രമേയം ,നല്ല കുറെ അഭിനേതാക്കൾ , ജോസഫ് 100 % നീതിപുലർത്തും .ജോജോ യുടെ കരങ്ങളിൽ “ജോസഫ്” ഭദ്രം . ഇദ്ദേഹത്തിന് വേണ്ടി ഇനി കഥയെഴുതുന്ന എഴുത്തുകാരും , പടമെടുക്കാൻ കാത്തിരിയ്ക്കുന്ന സംവിധായകരും രണ്ടുവട്ടം ആലോചിയ്ക്കേണ്ടി വരും .

കഴിഞ്ഞുപോയ സിനിമകളിൽ താങ്കളെ പൂർണമായും ഉപയോഗിയ്ക്കാൻ കഴിയാതെ പോയതിൽ , ഇന്ന് ചിലപ്പോൾ ദുഃഖിക്കുന്ന സംവിധായകരുണ്ടാകും ,അതാണ് താങ്കളുടെ അവാർഡും . 👍

NB – ഇത് എന്റെ ആംഗിൾ ഇൽ ഞാൻ കണ്ടതാണ് , നിങ്ങളുടെ ആംഗിളിൽ നിങ്ങൾ കാണുമ്പോൾ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ , അതുനിങ്ങളുടെ ആംഗിൾ ന്റെ പ്രശ്നമായി കരുതി ക്ഷമിയ്ക്കുക .

Featured post

ചെറുമോൻ സ്റ്റാർ ആണേൽ അപ്പുപ്പൻ സൂപ്പർ സ്റ്റാറാ.

എല്ലാപേർക്കും അവരവരുടെ കുട്ടികൾ ‘സൂപ്പർ കിഡ്സ് ‘ആണ് ,പഠിത്ത കാര്യങ്ങളിൽ മാത്രമല്ല പാഠ്യേതര കാര്യങ്ങളിലും .കുട്ടികൾ ഇല്ലാത്തവർക്ക് ,അവരുടെ വേണ്ടപ്പെട്ടവരുടെ കുട്ടികൾ .കഴിഞ്ഞ ദിവസം സ്കൂൾ ബസ് ഇൽ നിന്ന് ഇറങ്ങിയ മകന്റെ സന്തോഷം ,അവന്റെ സ്കൂൾ ഐഡി ടാഗ് ഇൽ ഒരു “ എ സ്റ്റാർ “ ബാഡ്ജ് പിൻ ചെയ്‌തേയ്ക്കുന്നു . ചാടി ബസിൽ നിന്ന് ഇറങ്ങിയ ഉടനെ അതിന്റെ ചരിത്രം പറഞ്ഞു . ഇപ്പൊ ഇതൊരു പോസ്റ്റ് ഇടാൻ തക്ക കാര്യമൊന്നുമല്ല , കാരണം ഇപ്പോഴത്തെ കുട്ടികൾ വളരെ ഏറെ കഴിവുകൾ ഉള്ളവരാണ് . പഴയ കാലമൊന്നുമല്ല . എല്ലാ രക്ഷാകർത്താക്കളെയും പോലെ ഒരു സന്തോഷം ഞങ്ങൾക്കും തോന്നി. പക്ഷെ മകന്റെ സന്തോഷം കാണാൻ ഒരു രസമായിരുന്നു . അന്നേദിവസം മേല്കഴുകുന്ന സമയതല്ലാതെ ,മുഴുവൻ സമയവും അവൻ ആ ഐഡി കഴുത്തിൽ തൂകി ഇട്ടു നടന്നു .

ഇടയ്ക്കു ആത്മനിർവൃതി അടയുമ്പോൾ സ്വയം ചോദിയ്ക്കും “ ശോ വാപ്പച്ചീ ഇതെങ്ങനെയാ എനിയ്ക്കു കിട്ടിയത് “ ഒപ്പം ഒരു കള്ളചിരിയും കാണും . അവന്റെ ആവേശം കൂടിയപ്പോൾ അന്ന് രാത്രിതന്നെ അവന്റെ അപ്പൂപ്പനെയും , അമ്മൂമ്മയേയും ഇതൊന്നു കാണിയ്ക്കണം .സാധാ ഫോൺ ആയതിനാൽ വാട്സ്ആപ്പ് ഒന്നും 2 പേർക്കും ഇല്ല . എന്നാൽ ശെരി ഒന്ന് ഫോൺ വിളിച്ചു കാര്യം പറയാം എന്ന് കരുതി .അവൻ തന്നെ എന്റെ ഫോൺ എടുത്തു , എമർജൻസി നമ്പറിൽ നിന്ന് അവന്റെ അമ്മൂമ്മയെ ഡയൽ ചെയ്തു . ഫോൺ എടുത്തയുടനെ വിശേഷങ്ങൾ ചോദിയ്ക്കുന്നതിനുപകരം ഒറ്റ ഡയലോഗ് ഇൽ കാര്യങ്ങൾ അവതരിപ്പിച്ചു .അവർ സന്തോഷം കൊണ്ട് “ കൊള്ളാല്ലോ മോനെ , അതെങ്ങനെയാ ഇരിയ്ക്കുന്നെ “ . അവൻ അതിന്റെ ഷേപ്പ് ഒക്കെ വിവരിച്ചു .രക്ഷയില്ല എന്ന് കണ്ട അവൻ ഒരു അഭിപ്രായം പറഞ്ഞു “ നമുക്ക് ഉപ്പയെയും ഉമ്മായെയും ഇത് കാണിയ്ക്കാൻ പോയാലോ? “ ഞാൻ ഞെട്ടി . വമ്പൻ പണിയായിപ്പോയീ . സന്തോഷം കെടുതണ്ടാണ് കരുതി ശെരി വച്ചു. അങ്ങനെ കാർ ഇൽ എല്ലാപേരും കയറി ഒരു നൈറ്റ് ഡ്രൈവ് . അവർക്കും സന്തോഷമായി .പെട്ടെന്ന് തന്നെ തിരികെ വരുകയും ചെയ്തു .

അടുത്ത ദിവസം വൈകുന്നേരം ഒരു കാൾ വന്നു , അവന്റെ അപ്പൂപ്പനാ “ മോനെ എവിടെയാ ?”

ഞാൻ “ വീട്ടില “.

“ഒന്ന് പകുതിവരെ വരാമോ ഞാൻ ഒരു സാധനം തരാം , അവിടെ വരെ വന്നാൽ വീട്ടിന്റെ മുന്നിലൂടെ ഉള്ള ബസ് കിട്ടില്ല “

ഞാൻ – “ അതിനെന്താ വരാല്ലോ “

ഞാൻ റെഡി ആയി പറഞ്ഞ ബസ് സ്റ്റോപ്പ് ഇൽ എത്തി .ചെറിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആള് ഭയങ്കര കൃത്യനിഷ്ടക്കാരനാ , ഞാൻ എപ്പോഴെത്തെയും പോലെ 10 മിനിറ്റ് ലേറ്റ് .എത്തിയ ഉടനെ ഒരു കവർ എന്റെ നേരെ നീട്ടിയിട്ടു “ഇത് മോന് കൊടുക്കണം “. അപ്പൊ ഞാൻ ചോദിച്ചു “ ഞാനും മോൻ ആണ് “. മറുപടി വലിയ താമസമില്ലാതെ വന്നു “ തടിയന്മാർക്കുള്ളതും അതിലുണ്ട് “.

ഞാൻ “ സന്തോഷം “.

ഞാൻ ബസ് കയറ്റി വിട്ടിട്ടു വീട്ടിലേയ്ക്കു വന്നു .വന്നപാടെ ഞാൻ കവർ മോന്റെ കയ്യിൽ കൊടുത്തു . അതിനകത്തു വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു പൊതി . അവൻ അതെടുത്ത ഉടനെ “ ഉപ്പ എനിയ്ക്കു ഗിഫ്റ്റ് തന്നത “. അവൻ സന്തോഷം കൊണ്ട് ചിരിയ്ക്കുന്നു . പാക്കിങ് തുറന്നു നോക്കിയായപ്പോൾ 2 ചോക്ലേറ്റ് പാക്കറ്റ് , ഒപ്പം ഒരു തടിയിലെ ഹൗസ് ബോട്ട് , അതിന്റെ താഴെയായി ഒരു പേപ്പർ ഇൽ ഒരു കുറിപ്പും “ NEHAN ANEES A * GRADE “.ഒരു 100 രൂപ യുടെ നോട്ട് അതിന്റെ ഇടയിൽ തിരുകി വച്ചിരിയ്ക്കുന്ന .ഇപ്പോഴും വീട്ടിൽ വന്നാൽ കയ്യിലൊരു പൊതി കാണും . പക്ഷെ ഇത്തവണ ഞെട്ടിച്ചു കളഞ്ഞു . കാരണം ഇത് ഒപ്പം ജോലി ചെയ്യുന്ന ആരെയോ കൊണ്ട് ചെയ്യിച്ചതാണ് . മൊത്തത്തിൽ സന്തോഷം . അപ്പൊ തന്നെ മോന്റെ കമന്റ് വന്നു “ ഉപ്പ ആള് കൊള്ളാം അല്ലെ ?”

ഞാനും ഓർത്തു “ ഒരു രൂപ മുതൽ 10 രൂപ വരെ കാലഘട്ടത്തിനനുസരിച്ചു എനിയ്ക്കു തന്നിരുന്ന എന്റെ അപ്പൂപ്പയെ “.

അശരീരി “ കണ്ടു പടിയ്ക്കു മനുഷ്യ .നിങ്ങളാപ്രായത്തിൽ എന്തെങ്കിലും ക്രീയേറ്റീവ് ആയി ചിന്തിയ്ക്കോ എന്തോ ?”

Featured post

പിറന്നാൾ സമ്മാനം

സ്വന്തം പിറന്നാൾ പണ്ടുമുതലേ എനിയ്ക്കൊരു ഹരം ആയിരുന്നില്ല .ഇത്തവണയും അങ്ങനെ തന്നെയാകുമെന്നു ഞാൻ കരുതി . അതിരാവിലെ തന്നെ ശ്രീമതിയും മകനുമൊക്കെ പിറന്നാൾ ആശംസകൾ പങ്കുവച്ചു . പക്ഷെ എന്നെ എന്റെ മകൻ അഭിസംബോധന ചെയ്തത് “ബർത്ത് ഡേ ബോയ് “ എന്നായിരുന്നു .അതെനിയ്ക്കു ഇഷ്ടായി , ഒപ്പം അവൻ എനിയ്ക്കൊരു ഗിഫ്റ്റ് ഉം തന്നു , സ്റ്റാർ വാഴ്സ് പാവാടയ്ക്കു ശേഷം അവന്റെ പുതിയ കലാസൃഷ്ടി വീടും , മരവും , നദിയുമൊക്കെ ഉള്ള ഒരു പെയിന്റിംഗ് . എന്നെ പിടിച്ചു കുലുക്കിയത് നദിയുടെ കരയിൽ കിടക്കുന്ന ക്യാപ്റ്റൻ അമേരിക്കയുടെ ശീൽഡ് ആയിരുന്നു .

ഗിഫ്റ്റ് തന്നതെല്ലാം അവൻ എനിയ്ക്കു വിവരിച്ചു തന്നു , ഞാൻ കൊള്ളാം ,നന്നായിട്ടുണ്ട് എന്നൊക്കെ ഉള്ള വാക്കുകൾ കൊണ്ട് അടുത്ത കലാസൃഷ്ടിക്കുള്ള വളം അവനിലേക്ക്‌ വർഷിച്ചു . എല്ലാം കഴിഞ്ഞു സൂക്ഷിച്ചു വച്ചേക്കു ഞാൻ പീന്നീട് എടുത്തോളാം .അവൻ എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് പറഞ്ഞു , “വാപ്പച്ചിയെ എനിയ്ക്കു വിശ്വാസമില്ല . കഴിഞ്ഞ പിറന്നാളിന് ഞാൻ വരച്ചു തന്ന പടം പത്രക്കെട്ടിന്റെ ഇടയിൽ ചുരുട്ടിക്കൂട്ടി ഇട്ടിരിയ്ക്കുന്നതു ഞാൻ കണ്ടു “.എന്റെ കൊച്ചാക്കു കൊടുത്തതൊക്കെ ( എന്റെ സഹോദരൻ ) ഷോ കേസ് ഇൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് . എനിയ്ക്കു കുറച്ചുനേരം ഒന്നും പറയാൻ കഴിയാതായിപ്പോയി .

ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോൾ ആരും കാണാതെ അവൻ വരച്ച പടം മടക്കിയെടുത്തു കൊണ്ട് വന്നു , ഫ്രെയിം ചെയ്തു വൈകുന്നേരം നന്നായി പൊതിഞ്ഞു അവന്റെ കയ്യിൽ കൊണ്ട് കൊടുത്തു . പൊതിയഴിച്ച അവന്റെ മുഖത്തെ സന്തോഷം ,അതുകണ്ട എന്റെ സന്തോഷം ,ഇതൊക്കെ കണ്ടു നിന്ന എന്റെ ശ്രീമതിയുടെ സന്തോഷം !!! മൊത്തത്തിൽ സീൻ കളർ ആയി .

അപ്പൊ അവന്റെ ഒരു മറുപടികൂടി വന്നു “ ശോ കുറച്ചുകുടെ മഞ്ഞ കളർ അടിയ്ക്കാമായിരുന്നു “

അങ്ങനെ മൊത്തത്തിൽ പിറന്നാൾ കളർ ആയി 🤪🤪🤪🤪

Statutory Warning ⚠️

(ഈ കഥയ്ക്കുവേണ്ടി മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ല,ഒന്ന് പരാമർശിച്ച് വിരട്ടിയിട്ടുണ്ട്, കാര്യമാക്കേണ്ട.😁)

തുടങ്ങട്ടെ .

കൊറോണ ,ഇങ്ങ് കേരളത്തിൽ വിപുലമായ സാമ്പ്രാജ്യം പടുത്തുയർത്തുന്നതിനു മുൻപുള്ള,സമാധാനം നിറഞ്ഞ ഒരു പ്രഭാതം .അതിരാവിലെ കൊക്കിക്കുരച്ചുകൊണ്ടു കണ്ണ് തുറക്കുന്ന എന്നെ നോക്കി ശ്രീമതി ചോദിച്ചു,

“എന്താണ് മനുഷ്യാ,നിങ്ങളുടെ സൗണ്ട് മാറിയിരിയ്ക്കുന്നല്ലോ.ഇന്നലെ തണുത്തതെന്തെങ്കിലും കഴിച്ചോ? “

നല്ലൊരു തുമ്മൽ വളരെ ഗംഭീരമായി തുമ്മിക്കൊണ്ട്,

“ഇല്ല “

എന്ന് ഞാൻ മറുപടി പറഞ്ഞു .എന്നാലും ഇടതടവില്ലാതെ ഞാൻ തുമ്മിക്കൊണ്ടിരുന്നു.ഏതോ ഒരു സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ കണ്ട പോലീസിനെപ്പോലെ,ശ്രീമതി എന്നെ ഏറുകണ്ണിട്ടു നോക്കിക്കൊണ്ടേയിരുന്നു.ഒപ്പം സ്വന്തം ഫോണിൽ എന്തോ കുത്തുന്നുമുണ്ട് . പെട്ടെന്നെന്തോ തടഞ്ഞതുപോലെ അവൾ എന്നോട് ആകാംഷയോടെ പറഞ്ഞു,

“മനുഷ്യാ ഇതൊക്കെ കോറോണയുടെ ലക്ഷണമാണ് ,പെട്ടെന്ന് ആവിയൊക്കെ പിടിച്ച്, കുറയ്ക്കാൻ നോക്ക് .ഇപ്പൊ ഹോസ്പിറ്റലിൽ ഒന്നും ധൈര്യത്തോടെ പോകാൻ പറ്റില്ല .ഞാൻ അന്നേ പറഞ്ഞതാ ഈ സ്കൂട്ടറും എടുത്തുള്ള തെണ്ടൽ വേണ്ട,വേണ്ട എന്ന് “.

സ്വന്തം കെട്ടിയോനെക്കാളും വിശ്വാസമുള്ള ‘ഗൂഗിൾ’പറഞ്ഞത് വിശ്വസിച്ച്,എവിടെയോ പുരനിറഞ്ഞു നിന്ന തുമ്മലിനെ,പാതിരാത്രി ഞാൻ പോയി ചാടിച്ചുകൊണ്ടു വന്ന പോലെ അവൾ ,എന്നെയും തുമ്മലിനെയും ചേർത്ത് മനസിലാകുന്നതും,ആകാത്തതുമായ ഭാഷയിൽ അവിഹിതം പറഞ്ഞുണ്ടാക്കിക്കൊണ്ടേയിരുന്നു .

ഒരു പരുതിവരെ ഞാൻ ഇതെല്ലാം ക്ഷമിച്ചു ,ക്ഷമനശിച്ച ഞാൻ ചാടിയെഴുന്നേറ്റ് ഭവ്യതയോടെ പറഞ്ഞു ,

”ആവി പിടിയ്ക്കാം,ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളാം ,ഒരു ചുക്കുകാപ്പി കുടിയ്ക്കാം,ഇന്ന് കുളിയ്ക്കുന്നില്ല ,ചൂടുവെള്ളത്തിൽ മേലുകഴുകാം,എന്നിട്ടും ശെരിയായില്ല എങ്കിൽ വൈകുന്നേരം കഫ് സിറപ് കുടിയ്ക്കാം,അത്യാവശ്യമെങ്കിൽ നല്ലൊരു ഡോക്ടറിനെ എങ്ങനെയെങ്കിലും പോയി കാണാം.”

ഞാനീ നിരത്തിയ ലിഷ്ട്ടിന്റെ നിരകണ്ടപ്പോൾ തന്നെ ,കത്തിയമർന്നുകൊണ്ടിരുന്ന ആമസോൺ കാടുകളിലേക്ക് അറബിക്കടൽ ഇരച്ചുകയറിയപ്പോൾ, ഒരൽപം പുകമാത്രം ബാക്കിവച്ചു ശ്രീമതിയാ ‘അന്നം പൊന്നൽ’ എന്ന കടമ്പ ചെറുതായി അവസാനിപ്പിച്ചു.എന്നെ നന്നായി അറിയാവുന്നതിനാൽ, ചെറിയൊരു ഓർമ്മപ്പെടുത്തൽ കൂടി ഇട്ടുകൊണ്ട്,

” ഇതൊക്കെ നടക്കോ ?”

ഞാൻ കിട്ടിയ അവസരം മുതലാക്കി

” ഇതാണ് ഒരു കുഴപ്പം, എന്തെങ്കിലും മനസറിഞ്ഞു ചെയ്യാം എന്ന് വച്ചാൽ ഉടനെ നെഗറ്റീവ് “

ശ്രീമതി ” ദേ മനുഷ്യാ ,ഞാൻ ഇന്നോ ഇന്നലെയോ അല്ല നിങ്ങളെ കാണാൻ തുടങ്ങിയത്”

ഞാൻഇടയ്ക്കു കയറി,തൊഴുകൈ തലയിൽ വച്ച്,

“ചെയ്യാം ,എല്ലാം ചെയ്തോളാം “

ശ്രീമതി ” ഞാൻ ആവിപിടിയ്ക്കാൻ വെള്ളം ചൂടാക്കട്ടെ?”

ഞാൻ ” ഞാനൊന്ന് പല്ലു തേയ്ക്കട്ടെ ,നീ ബെഡ്ഷീറ്റ് ഒക്കെ എടുത്തു

ഇവിടെവയ്ക്കു ,ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വന്നു ആവിപിടിച്ചോളാം “

അവൾ അകത്തേയ്ക്കു പോയി .ഞാൻ താങ്ങിയും തൂങ്ങിയും സെറ്റിയിൽ പോയി ഇരുന്നു .ഒപ്പം അതെ താങ്ങലും,തൂങ്ങലുമായി പുത്രൻ വന്ന് ഒപ്പം കൂടി .പിന്നെ ഞങ്ങൾ രണ്ടുപേരും കൂടി ഫോൺ എടുത്തു ഫേസ്ബുക്കിലൊക്കെ ഒന്ന് കറങ്ങി വന്നപ്പോൾ ദേ വന്നു നിൽക്കുന്നു ശ്രീമതി ബെഡ്റൂമിന്റെ സൈഡിൽ,ഒരു ബെഡ്ഷീറ്റും പിടിച്ച് ഏതോ ഒരു ദേവിയെപ്പോലെ കലി തുള്ളി ഒരു വരവ് . ഫോണിൽ വ്യാപൃതനായിരുന്ന ഞാൻ സുനാമി വരുന്നത് കണ്ടില്ല ,പക്ഷെ എന്റെ ഫോട്ടോസ്റ്റാറ് ഇതും കണ്ട്,

“ഓടിക്കോ വാപ്പച്ചീ” എന്നും പറഞ്ഞൊരു ഓട്ടം വച്ചുകൊടുത്തു .കീഴടങ്ങൽ അല്ലാതെ മറ്റൊന്നും മുന്നിൽകാണാത്ത ഞാൻ ,തൊഴുകൈകളോടെ പല്ലുതേക്കാൻ എഴുന്നേറ്റു. പണ്ടേ അമിതാബ് ബച്ചനെപോലെ ‘ഹാൻഡ്‌സ് അപ്പ് ‘കാണിച്ചാൽ ഉപദ്രവിയ്ക്കാത്തതുപോലെ,തൊഴുകൈയ്യോടെ നിൽക്കുന്ന എന്നെ നോക്കി,നറുപുഞ്ചിരിയോടെ അവൾ ഇങ്ങനെ അലറി,

“പോയി പല്ലുതേയ്ക്കു മനുഷ്യാ “.

ഉമിക്കരിയും പല്ലും വിരലുമായി ചെറിയൊരുമല്പിടിത്തം,അവസാനം ബ്രഷിട്ടൊരു പിടിയും കൂടി പിടിച്ചപ്പോൾ മനസ്സിനൊരു ഉന്മാദവും,സന്തോഷവും. അപ്പോഴേയ്ക്കും പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ പുത്രൻ,പിന്നാമ്പുറം കറങ്ങി പല്ലുതേയ്ക്കാൻ എത്തി.എന്നിട്ടു ബഹുമാനത്തോടെ എന്നെയൊന്നു നോക്കി,എങ്ങനെ കൈകാര്യം ചെയ്തു എന്ന ലൈനിൽ.ഞാൻ സ്വരം താഴ്ത്തി അവനോടു പറഞ്ഞു,

”ഇതാണ് പട്ടികടിയ്ക്കാൻ വരുമ്പോൾ ഓടരുത് ,ഓടരുത് എന്ന് ഞാൻ പറയുന്നത് ,ചുമ്മാ ഒന്ന് ഭവ്യതയോടെ നിന്നോളണം,അപ്പോഴത് കുരച്ചിട്ട് പൊയ്ക്കോളും .”

ശ്രീമതിയുടെ ചെവി എന്റെ പോലെയല്ല എന്ന് എനിയ്ക്കു മനസിലായി,മറുപടി ഉടനെ വന്നു നൂറേ നൂറ്റിപ്പതിൽ,

,”അല്ലേലും പട്ടിയെ കെട്ടാൻ ,സിംഹമൊന്നും വരില്ലല്ലോ “

സംഭവം തിരിച്ചടിയ്ക്കുന്നെന് മനസിലായ ഞാൻ മുങ്ങാൻ പാട് പെടുമ്പോൾ, ആ കുരുട്ടു സാധനം ചോദിക്കുകയാ

“എന്താണ് ഉമ്മച്ചി ഉദ്ദേശിച്ചത് ?”

ഞാൻ അവനെ നന്നായി വിരട്ടി,

”നേരം ഇത്രയും ആയിട്ടും നിനക്ക് പല്ലു തേയ്ക്കാറായില്ലേ ?പോയി പല്ലുതേച്ചേ,എന്നിട്ടു ബുക്ക് എടുത്തിട്ടുവാ “.

അപ്പോഴും എന്റെ അഹങ്കാരം നോക്കണേ .കയ്യിൽ ബ്രഷും പിടിച്ചുകൊണ്ടാണ് ഞാൻ ഈ ആക്രോശിച്ചതെന്ന് മറന്നുപോയി .അവൻ എന്തോ പിറുപിറുത്തു ബ്രഷും പേസ്റ്റും എടുത്തു സീൻ കാലിയാക്കി .

ശ്രീമതി അപ്പോഴേയ്ക്കും വന്നൊരു വാണിങും തന്നു,

“കുക്കറിൽ സാമ്പാറിന് വച്ചിരിക്കുകയാണ് ,നാല് വിസിൽ കേൾക്കുമ്പോൾ ഇൻഡക്ഷൻ നിർത്തണം,എന്നിട്ട് കുക്കർ ഇറക്കിയിട്ട്, വെള്ളം അവിടെ വച്ചിട്ടുണ്ട് ,ലോ മോഡ് ഇട്ട് ആവിപിടിയ്ക്കണം ,ബെഡ്ഷീറ്റ് ദാ ഇവിടെ ഇരിപ്പുണ്ട്,ഞാൻ മുകളിൽ പോയി തുണി കഴുകിയത് ഉണങ്ങാൻ ഇടണം ,പിന്നെ ഒരു സെറ്റ് കൂടി കഴുകാൻ ഇടണം.ഞാൻ ഇവിടെ വരുമോഴേയ്ക്കും എല്ലാം കഴിഞ്ഞിരിയ്ക്കണം.ഇനി എന്നെക്കൊണ്ട് പറയിക്കരുത്. “

ഞാൻ നല്ലകുട്ടിയായി എല്ലാം തലയാട്ടി സമ്മതിച്ചു.പുച്ഛത്തോടെ ചിരിച്ചുകൊണ്ടുനിന്ന പുത്രനെനോക്കി ഞാൻ അട്ടഹസിച്ചു,(ഇതൊക്കെ ആരോടെങ്കിലും തീർക്കണ്ടേ🤪)

”പല്ലുതേച്ചു കഴിഞ്ഞാൽ വെള്ളം കുടിയ്ക്കണം ,എന്നിട്ട് ബെഡ്ഷീറ്റ് ഒക്കെ മടക്കി വയ്ക്കണം ,ബെഡ്റൂമിലെ വിൻഡോസ് തുറന്നിടണം”

അതെ പുച്ഛത്തോടെ അവൻ തലയാട്ടി .

ഒരുകെട്ട് തൂണിയും എടുത്ത് അവൾ മുകളിലേയ്ക്കു പടികയറിപ്പോയി.അവസാന പടിയും കടന്നു മുകളിൽ എത്തി എന്ന് ഉറപ്പായതും മൊബൈൽ തപ്പിയെടുത്തു ,ചുമ്മാ ഫേസ്ബുക്കിലും മറ്റും കയറി പരതിക്കൊണ്ടിരുന്നു.മൊബൈലിൽ മുഴുകി അങ്ങനെ ഇരിയ്ക്കുമ്പോൾ ഒരു സൈഡിലൊരു വല്ലാത്ത ഭാരം,നോക്കിയപ്പോൾ പല്ലുതേയ്ക്കാൻ പോയവൻ പല്ലുതേച്ചിട്ടു മുഖം പോലും കഴുകാതെ എന്നെ ചാരിയങ്ങനെ ഇരിയ്ക്കുകയാ.ഞാൻ അവനെ നോക്കിയപ്പോൾ ഒരു ഇളിച്ച ചിരി,ഞാൻ അവനെ നോക്കി,

“പോയെ പോയെ , നിന്റെ പണിനോക്ക്”.

അപ്പോഴേയ്ക്കും കുക്കറിൽ നിന്നൊരു വിസിൽ നീളത്തിൽ കേട്ടു,ഒപ്പം മുകളിൽ നിന്നൊരു അശരീരിയും,

“മനുഷ്യാ നിങ്ങൾ കേൾക്കുന്നുണ്ടോ ,രണ്ടാമത്തെ വിസിൽ ആയി “

ഞാൻ അന്തം വിട്ടുപോയി ‘അപ്പൊ ഒന്നാമത്തെ വിസിൽ എങ്ങോട്ടുപോയി ‘

ഞാൻ വിളിച്ചു പറഞ്ഞു

” എനിയ്ക്കു കേൾക്കാം ,ഞാൻ ശ്രദ്ധിയ്ക്കുന്നുണ്ട് “

മുകളിൽ നിന്ന് മറുപടി ഒന്നും വന്നില്ല .ഞാൻ വീണ്ടും മൊബൈലിൽ കുത്തിക്കൊണ്ടേയിരുന്നു.പുത്രൻ പാരവയ്ക്കും എന്നതിനാൽ എന്റെ മുഖ്യ എതിരാളിയായിട്ടും ഒന്നുരണ്ടു വീഡിയോ ഒക്കെ കാണിച്ചുകൊടുത്ത് ഒപ്പം കൂട്ടി.ഇതിനിടയിൽ ഒന്ന് രണ്ടു വിസിലുകൾ കുക്കർ നീട്ടിയടിച്ചു .മൊബൈലിന്റെ അകത്തു കയറി ഇരുന്നതിനാൽ ഒരെണ്ണമോ മറ്റോ മാത്രമേ എന്റെ ഉപബോധ മനസിൽ കിട്ടിയുള്ളൂ . അങ്ങനെ നാലാമതും കൂക്കറിന്റെ വിസിൽ കേട്ടപ്പോൾ അവൾ തന്നെ മുകളിൽ നിന്ന് വിളിച്ചുപറഞ്ഞു

“ഇക്കാ🥰 അതങ്ങു നിർത്തിയേക്കണേ,എന്നിട്ട് നിങ്ങൾ പോയി ആവിപിടിയ്ക്കണേ” . (നല്ലൊരു സാമ്പാറിന് വേണ്ടിയുള്ള കരുതലാണ് ആ “ഇക്ക”വിളി )

ഈ പറഞ്ഞതൊന്നും സത്യത്തിൽ ഞാൻ കേട്ടതേയില്ല.എല്ലാം മനസിലായതുകൊണ്ടാണെന്നു തോന്നുന്നു അവൾ പറന്നത് ഒരിയ്‌ക്കൽ കൂടി പറഞ്ഞു.വിഡിയോയിൽ മുഴുകിയിരുന്ന നമ്മൾ രണ്ടുപേരും ഇതൊന്നും അറിഞ്ഞതുമില്ല മറുപടി പറഞ്ഞതുമില്ല .ചുമ്മാ ഒന്ന് മൂളിയാൽ തീരാവുന്ന പ്രശ്നമേ, അപ്പോൾ ഉണ്ടായിരുന്നുള്ളു. പക്ഷെ മൂളൽ പോയിട്ട് ശ്രീമതി പറഞ്ഞതെന്താണെന്ന് ഞങ്ങൾ കേട്ടതുപോലുമില്ല.

പെട്ടെന്ന് ഭൂമി കുലുങ്ങുന്നതുപോലെ മുകളിലെ നിലയിൽ നിന്ന് എന്തോ താഴേയ്ക്ക് ഉരുണ്ടു വരുന്നൊരു ശബ്ദം ,പുത്രൻ എടുത്തുചാടി എങ്ങിട്ടേക്കോ ഓടി,ഞാൻ തപ്പിയും തടഞ്ഞുമൊക്കെ ചാടി എഴുന്നേറ്റപ്പോൾ ശ്രീമതിയുടെ ചരിത്ര നാടകത്തിലെ അലർച്ചയും,

”നിങ്ങളിതുവരെ ആവി പിടിച്ചില്ലേ മനുഷ്യാ” എന്ന ഡയലോഗും,

ഞാൻ മൊബൈലും സെറ്റിയിലിട്ടിട്ട് അവിടുന്ന് എടുത്തു ചാടി ഓടി,പോകുന്നവഴി കസേരയിൽ കിടന്ന ബെഡ്ഷീറ്റും എടുത്ത് തലവഴി അവിടുന്നേ മൂടികൊണ്ടോടി,എന്നിട്ട് കിച്ചണിലെ ഇൻഡക്ഷൻ കുക്കറിനെ ലക്ഷയമാക്കി സഡൻ ബ്രേക്കിട്ട് നിന്നു,ഇഡക്ഷന്റെ മുകളിലൂടെ ബഷീറ്റും എടുത്തങ്ങിട്ടു, ഞാനും അതിനടിയിൽ പതുങ്ങി, ആവി പിടിയ്ക്കുന്നപോലെ ഇരുന്നു.കടലിരമ്പി വരുന്നപോലെ അവൾ അടുക്കള വാതിൽക്കലെത്തിയപ്പോൾ ഞാനതാ മൂടിപ്പുതച്ചിരിയ്ക്കുന്നു.

‘ഈ തങ്കക്കുടത്തിനെയാണോ ഞാൻ സംശയിച്ചത് ‘എന്നവൾ മനസ്സിൽ മന്ത്രിച്ച് തിരിഞ്ഞതും,കഷ്ടകാലം കാറും പിടിച്ച്, ഇൻഡക്ഷൻ കുക്കറിന്റെ രൂപത്തിൽ ദാ വരുന്നു.എന്റെ ഗതികേടുകൊണ്ടോ ,കുക്കറിന്റെ ഗതികേടുകൊണ്ടോ അഞ്ചാമത്തെ വിസിലും കേട്ടു,നല്ല നീട്ടി .പേടിച്ചരണ്ട് ബെഡ്ഷീറ്റും വലിച്ചെറിഞ്ഞ് എന്റെ ഒരു നിൽപ്പുണ്ടായിരിക്കുന്നു,കണ്ണാടിയുടെ രണ്ടു ചില്ലിലും പുകമറയായതിനാൽ പുറത്തെന്തുനടന്നെന്നു എനിയ്ക്കറിയില്ല,പക്ഷെ ആദ്യമായി സാമ്പാർ ഫ്ളേവറിലെ സ്പ്രേയും അടിച്ചു കുറച്ചു പുകയുമൊക്കെയായി ഞാൻ പ്ലിങ്ങടിച്ചു നിൽക്കുന്നു.ശ്രീമതി ഉലക്ക യെടുത്ത് മണ്ടയ്ക്കടിച്ച്,ശിരസുപിളർന്നന്തരിച്ച്, സ്വർഗ്ഗത്തിലാണോ നരഗത്തിലാണോ ഞാൻ എത്തിയപെട്ടതെന്നറിയാൻ മുഖത്തിരിയ്ക്കുന്ന കണ്ണാടി മാറ്റി നോക്കിയ ഞാൻ കണ്ടത് , ഭൂമിയിൽ തന്നെ രണ്ടെണ്ണവും നിലത്തു കുത്തിയിരുന്ന് ചിരിക്കുന്നതാണ് .

NB

തുമ്മലിന് സാമ്പാർ ബെസ്റ്റ് ആണ് എന്ന്, അന്നെനിയ്ക്കു മനസിലായി.എന്തുകൊണ്ടെന്നറിയില്ല അതോടെ അന്നത്തെ തുമ്മൽ അവിടെ നിന്നു.എന്റെ സംശയം ,ആവിയോടൊപ്പം സാമ്പാറിന്റെ വല്ല ‘ലഗേജും’എന്റെ മൂക്കിൽ കയറി പോയോ എന്നാണ്.

ശ്രീമതിയ്‌ക്കൊരാഗ്രഹം ഒരു ചെറിയ കോമിക് വീഡിയോ ചെയ്താലോ എന്ന് ,ഞാൻ ഈ സബ്ജെക്ട് പറഞ്ഞപ്പോൾ ,അങ്ങനെ തീക്കളിയൊന്നും വേണ്ട എന്ന് അവൾ ,ഞാൻ പറഞ്ഞു അതിനു നമുക്കൊരു ഡ്യൂപ്പിനെ വച്ച് ചെയ്യിക്കാം. “ഏതു ഡ്യുപെന്നു” അവൾ

ഞാൻ പറഞ്ഞു “നീ തന്നെ ആ ക്രെഡിറ്റ് എടുത്തോ “

തീർന്നില്ലേ എല്ലാം… അങ്ങനെ കോമിക് വീഡിയോ ഹുദാ … വഹ.